Uncategorised No Comments

എന്താണ് സര്‍പ്പദോഷം ? നാഗദൈവങ്ങളെ എങ്ങനെ പ്രീതിപ്പെടുത്താം?

astrology in Kerala

സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

നാഗദൈവങ്ങളെ എങ്ങനെ പ്രീതിപ്പെടുത്താം?

സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.
ഞായര്‍ :- അനന്തന്‍
തിങ്കള്‍ :- വാസുകി
ചൊവ്വ :- തക്ഷകന്‍
ബുധന്‍ :- കാര്‍ക്കോടകന്‍
വ്യാഴം :- പത്മന്‍
വെള്ളി :- മഹാപത്മന്‍
ശനി :- കാളിയന്‍, ശംഖപാലന്
നൂറുംപാലും

നാഗങ്ങൾക്ക് “നുറും പാലും” നിവേദിക്കുക എന്നത് ഒരു പ്രധാന ആചാരം ആണ്. അധികമായും സർപ്പ ദോഷം, രാഹു ദോഷം എന്നിവയുടെ ദോഷഫലങ്ങളെ ഒരു അളവ് വരെ കുറക്കാൻ ഇതുകൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ആരാധന പ്രധാനമായും നാഗ രാജാവിനും, നാഗ യക്ഷിക്കും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും, അതുകൂടാതെ എല്ലാ ശിവക്ഷേത്രങ്ങളിലും നടത്തി വരുന്നു. ഇത് കൂടാതെ സർപ്പകാവുള്ള തറവാടുകളിൽ വർഷത്തിൽ ഒരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുകൊണ്ട് തറവാട്ടിലെ എല്ലാ അംഗങ്ങൾ ക്കും , സന്തതി പരമ്പരകൾ ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം.

പാല് നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുമ്പോൾ , ഈ നൂറിൻറെ പ്രാധാന്യം എന്താണെന്നും, അതിൻറെ പിന്നിലെ കഥ എന്താണെന്നും നമുക്ക് നോക്കാം
തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സർപ്പയജ്ഞം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.

തക്ഷകൻ തൻറെ ആത്മ മിത്രമായ ദേവേന്ദ്രൻറെ സംരക്ഷണയിലാണന്നു മനസ്സിലാകിയ രാജാവ് യജ്ഞത്തിൻറെ തീവ്രത വർധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങൾ പൊള്ളലും, മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. വളരെ അധികം എണ്ണം കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട ദേവന്മാർ രാജാവിനെക്കൊണ്ട് നിർബന്ധപൂർവ്വം യജ്ഞം അവസാനിപ്പിച്ചു.

അങ്ങിനെ യജ്ഞം ഫലപ്രാപ്തിയിൽ എത്താതെ അവസാനിച്ചു എങ്കിലും, ഒരു പാട് നാഗങ്ങൾ പൊള്ളലും, മുറിവും, വേദനയും, ദാഹവും, ചൂടും ഒക്കെയായി കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷ നാഗം , തൻറെ നാഥനായ മഹാവിഷ്ണുവിങ്കൽ ഈ വൃത്താന്തങ്ങൾ ഉണർത്തിക്കുകയും , എന്തെങ്കിലും പരിഹാരം ചെയ്യുവാൻ അപേക്ഷിക്കുകയും ചെയ്തു.

ആദിശേഷൻറെ പ്രാർഥനമാനിച്ചു വിഷ്ണുദേവൻ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്പ്പൊടി, കരിക്കിൻ വെള്ളത്തിൽ കലക്കി, അടയ്ക്കപൂവിൽ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ ദേഹാസ്വാസ്ത്യങ്ങൾ മാറുകയും, ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. നാഗങ്ങളെ സന്തോഷിപ്പിച്ചു സൌഖ്യം ആക്കിയത് ഒരു ആയില്യം നാളിൽ ആയിരുന്നു. അങ്ങിനെ ആയില്യം നാൾ നാഗങ്ങളുടെ ഇഷ്ടനാൾ ആകുകയും ചെയ്തു.

നാഗങ്ങൾക്ക് “നൂറും പാലും” നൽകിയാൽ അവർ സന്തുഷ്ടർ ആകുമെന്നും, നമ്മെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. അതിനാൽ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകൾ ക്കും വേണ്ടി ആയില്യം നാളിൽ നാഗങ്ങൾക്ക് “നൂറും പാലും” കഴിക്കുന്നു.

Leave a Reply

Your email address will not be published.

3 + 14 =

n  Online Consulting  Send us a message